ഒരു തലതിരിഞ്ഞവൻ

ഞാൻ ഈ ഭൂമിയിലേക്ക്‌ വന്നത് അമ്മയുടെ വയറ്  കീറി  മുറിച്ചുകൊണ്ടാണ്. സിസേറിയൻ ആയിരുന്നു.

അമ്മയുടെ അഭിപ്രായത്തിലെ സുഖപ്രസവം. 

ഒന്ന് വലുതായി, പ്രസവത്തിന്റെ കോമ്പ്ലിക്കേഷൻ മനസിലാവുന്ന കാലത്ത്, ഞാൻ അമ്മയോട് ചോദിച്ചു, എന്തുകൊണ്ടാണ് അമ്മേ ഞാൻ സിസേറിയൻ ബേബി ആയത്.

അന്ന് അമ്മ തന്ന ആ മറുപടിയാണ്, ഇന്ന് ഞാൻ എന്റെ ചെല്ലപ്പേരായി കൊണ്ട് നടക്കുന്നത്.

ആ കഥയിലേക്ക് ഒരു തിരിഞ്ഞുനോട്ടം ആണിത്.

ഡിസംബറിലെ ഒരു തണുത്ത വെളുപ്പാങ്കാലം. എന്റെ അമ്മ സമാധാനമായി ഉറങ്ങുകയായിരുന്നു. ഹോസ്പിറ്റലിലെ കൊതുക് ശല്യം അറിയാതെ സുഖമായ ഉറക്കം. പ്രസവത്തിനു ഇനിയും രണ്ടു നാൾ  ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞിരുന്നത്.

തിരുവോണ നാളിൽ ജനിക്കണ്ട അമ്മയുടെ സീമന്തപുത്രൻ. 

ഈ ഉറക്കത്തിനിടയിൽ അമ്മയുടെ വയറ്റിൽ നിന്നോരനക്കം. അമ്മ ഉണർന്നു. വേദന. 

വേദന സഹിക്കാൻ വയ്യാതായി. 

ഡോക്ടറെ വിളിച്ചു.

ലേബർ റൂമിലേക്ക്‌ കൊണ്ടുപോയി. 

ചെറിയൊരു പ്രശ്നം. എന്റെ കാൽ ആണ് ആദ്യം വരുന്നത്.

ഉടനെ ഡോക്ടർമ്മാർ വിധി എഴുതി. സിസേറിയൻ.

അങ്ങനെ തിരുവോണത്തിന് പുറത്ത് വരേണ്ട ഞാൻ, നല്ലൊരു നാൾ നോക്കി, പൂരാടം നാളിൽ ജനിച്ചു.

ലോകത്തിലേക്ക്‌ തല തിരിഞ്ഞു വരാൻ ശ്രമിച്ചതുകൊണ്ടും, മറ്റുള്ളവരുടെ കണ്ണിൽ തല തിരിഞ്ഞ പ്രവർത്തികൾ കാണിക്കാൻ തുടങ്ങിയതുകൊണ്ടും തലതിരിഞ്ഞവൻ എന്ന പേര്, ഞാൻ എന്റെ സ്വന്തമാക്കി.

Comments

Post a Comment

Popular posts from this blog

Chronicles of Kaliyapuram- I